Wednesday, December 30, 2009

പാവകളി

ഫണമുയര്‍ത്തി  നില്‍ക്കുന്ന  യാഥാര്‍ത്ഥ്യങ്ങളേ
നിങ്ങള്‍ എന്നെ കൊത്തരുത്
ചെങ്കുത്തായ ഒരു മലയുടെ താഴ്വാരത്തില്‍
മുകളില്‍ ഒരു ചെറു വേരില്‍ തങ്ങി നിര്‍ത്തിയ
പാറക്കല്ലും നോക്കി ഇരിക്കുന്നവനാണ് ഞാന്‍

വിഷം പുതഞ്ഞ മണല്‍ തരികളിലൂടെ
പാദുകമില്ലാത്തവനായി കുറേ ദൂരം ഇനിയും ഉണ്ട്
സിരകളിലൂറുന്ന വീഞ്ഞ്  വരളാതിരിക്കുന്നിടത്തോളം കാലം
ജീവിതം എന്ന പാവകളി.

Thursday, December 24, 2009

എന്റെ പ്രണയം പോലെ

പറന്നു പോയ രാക്കിളി
നീ കൂടു വെച്ചൊരെന്‍  ഇടനെഞ്ചില്‍
തിളക്കം വറ്റിയ ശോണ  രക്തത്തിന്റെ  
നരച്ച മുഖഭാവം പറഞ്ഞത്
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ..


നീ വരും വഴി കാത്തു നിന്ന
മരങ്ങള്‍ മതിലുകള്‍ മനസ്സ്
ഒക്കെയും പറഞ്ഞിരുന്നത്
എന്റെ ഹൃദയ മിടിപ്പിന്റെ  ശബ്ദങ്ങള്‍ .


പ്രണയം സത്യമാണെന്ന് നീ
തിരിച്ചറിയുക ..
നീ കണ്ടു മോഹിച്ച  സുഖ  മലകള്‍ക്ക്
കയറുമ്പോള്‍ ദീര്‍ഘം കൂടാം .
എന്റെ പ്രണയം പോലെ .

Thursday, December 10, 2009

ഒറ്റ ദിശയില്ലാത്തതാണ് ലോകം

വൃഷ്ണ  ഭാണ്ഡങ്ങളില്‍  നിറയുന്ന ബീജങ്ങള്‍ ഒക്കെയും   
വിഷ്ണു പക്ഷത്തായിരിക്കില്ല സോദരാ.
കൃഷ്ണ പക്ഷത്തില്‍ പിറന്നവനോക്കെയും
കൃഷ്ണനെപ്പോലെ  ആവുകില്ല സഹോദരാ ..

ചിന്തകള്‍ തീകൂട്ടി
പാതിരാ നേരത്ത്
നീ കണ്ട സ്വപ്നങ്ങള്‍ ഒക്കെയും ഈ മണ്ണില്‍ 
സത്യമാവുകയില്ലെന്റെ    മാനവാ

നീ കറക്കുന്ന  പമ്പരം പോലെ
വട്ടം തിരിയുന്ന ഭൂമി പോലെ
ഒരു സമയ ഘടികാരം പോലെ
ഒറ്റ ദിശയില്ലാത്തതാണ്   ലോകം 

Tuesday, December 8, 2009

നിയോഗം

നിറയുന്ന യൌവ്വനം കൈനീട്ടി വാങ്ങി ഞാന്‍
നിറവയറൂണ്ടു നടപ്പൂ
നിലമറന്നെണ്ണയും തേച്ചുകൊണ്ടീ‍വഴി
ഇടവഴികള്‍ തേടി നടന്നു
ഇരുളിനെ കൂട്ടു പിടീച്ച്കൊണ്ടീകാല‌-
മുടയാതെ കരുതി നടപ്പൂ
ശകടമിതു ഇരു ചക്ര-മിരട്ടിചക്രം
നിറവും മോഡലും മാറ്റി മാറ്റി
ബ്ലൂട്ടൂത്തിലൂടെ ജനിച്ചു വീണവനാണ്
ബ്ലൂവാണ് കൂട്ടത്തിലേറെ ഇഷ്ടം
ഒന്നല്ലോരായിരം ക്യാമറകണ്ണുമായ്
ശൃംഗാരിച്ചവനും നടന്നു
ശൃംഗരിച്ചവളോ മൊബൈലുകള്‍ക്കുള്ളില്‍
മൈലുകള്‍ താണ്ടി നടന്നു.
ചങ്ങാട മങ്ങിനെ തുഴഞ്ഞു നീങ്ങീ
ചങ്ങാത്ത മങ്ങിനെ കൂടി വന്നു
ചുണ്ടില്‍ പുകയുന്ന സിഗരറ്റു കൂടാതെ
രണ്ടാമതൊന്നും തിരുകിവച്ചു
ബാറുകള്‍ കേറി നിരങ്ങി നീങ്ങി
ബോറായ വാക്കില്‍ കുളിചിറങ്ങി
ബോറകറ്റീടുവാന്‍ ബാറൂ വിട്ടവനൊരു
ചാറ്റിങ്ങു റൂമില്‍ കിടന്നുറങ്ങി
ഉറക്കത്തിലെങ്കിലും മാറിമാറി
അക്കരെ ഉള്ളവളെയുറക്കാതിരിക്കുവാന്‍
അവനുള്ള വീരത്തം വേറെതന്നെ
അങ്ങ് ശ്രീലങ്കയില്‍ ഗതിയില്ലാതായിരം
ഗതിതേടി എങ്ങോ അലഞ്ഞിരുന്നു
പുകയുന്ന ബോംബിന്നരികിലൂടെ
പാലസ്തീനികള്‍ പാലായാനക്കാര്‍.
അരികിലായ് തെരുവിലൊരു സ്ലംഡോഗ്
മില്ല്യനെര്‍ ഗതിവിട്ട് ഷോകള്‍ കളിച്ചിടുന്നു
ഇരുളിലെ പൊന്തയില്‍ ഒരു പച്ച നോട്ടിന്നു
മാനം വില്‍ക്കുന്നു ആയിരം പേര്‍
ഇവിടെയൊരു പെണ്‍കൊടി കോടതിയില്‍
ബാക്കി മാനം കളയുന്നു
തണ്ടും തടിയും കനിഞ്ഞുനല്‍‍കി പൊന്നു
മക്കളുടെ തല്ല് ഇരന്നുവാങ്ങീ
ചുളിവുകള്‍ റോഡീലിരുത്തിയൊരപ്പനും
അമ്മയും മരണ വിളി കാത്തിരുന്നു
ഇവയൊന്നു മറിയാതെ അപ്പൊഴും അവനാ
ചാറ്റിങ്ങു റൂമില്‍ കിടന്നുറങ്ങി
അരിതീര്‍ന്ന വീട്ടിലെ അരവയര്‍ കൊണ്ടമ്മ
അപ്പൊഴും താരാട്ടു പാടിടൂന്നു.

Monday, November 30, 2009

എന്നെപ്പോലെ

കടലിന്റെ നേർത്ത തിരയനക്കം
എന്റെ ചോരത്തിളപ്പു പോലെ
വ്രിത്തിഹീനമായ എന്റെ മുറ്റം
ചൂലെടിക്കാൻ ഞാൻ ഉപയോഗിക്കുന്ന
എന്റെ ചോരത്തിളപ്പ്.

നീലിമയുടെ ...ശാന്തത.
എന്റെ ...ഉള്ളൂറക്കം പോലെ..
കാർമേഘങ്ങള്ളാൽ പുതച്ചിടാം
അപ്രതീഷിത നീക്കങ്ങളീൽ
ഒരു ഞെട്ടലോടെ.

പുതു മണ്ണിന്റെ നേർത്ത ഗന്ധം
എന്റെ ..മലയാളം പോലെ
എവിടെയായാലും എന്തു ചെയ്താലും
എന്നും ഒരു പോലെ ..
ഒരു മാറ്റവും ഇല്ലാതെ.

പുലരിയുടെ..തെളിമ
എന്റെ കണ്ണുകൾ പോലെ
നേരിന്റെ..ചുവരുകളിൽ ..
തെറ്റിന്റെ ..വേരുകളിൽ..
ഒന്നും മറയ്ക്കാ‍നാവാത്ത വീധം

വർഷത്തിന്റെ...പെരുമുഴക്കം
എന്റെ കോപം പോലെ
മടിയന്റെ ..മതിമറന്നവന്റെ
കടമയറീയാത്തവന്റെ ..തിമിർപ്പിനോട്
സന്ധിചെയ്യാത്ത കോപം.


Sunday, November 22, 2009

സി. പി. ഐ. എം

അന്നു കരളിൽ
മനസ്സിൽ
ഗ്രാമത്തിൽ
ഇന്നു കടലിൽ
കലക്കിൽ
പട്ടണത്തിൽ
നാളെ പുസ്തകത്തിൽ
പെട്ടിയിൽ
മണ്ണിൽ
വേദനിക്കുന്ന ഹൃദയങ്ങളോടൊപ്പം
വിപരീതങ്ങളായി.

Wednesday, November 18, 2009

ബാല്യം


മഞ്ഞുകാലത്തിലെ പൂക്കളെ കാണുമ്പോൾ
ഓർത്തു പോകുന്നു എൻ കുഞ്ഞുകാലം
മാരിവില്ലേഴുനിറവും വിരിച്ചിട്ട
മാഞ്ഞുപോകാത്തൊരെൻ ബാല്യകാലം.

ഓടി നടന്നതും പാട്ടുപഠിച്ചതും
കൂട്ടരോടൊന്നിച്ചു തല്ലു പിടിച്ചതും
ഓരോരോ കാര്യങ്ങൾ ചൊല്ലി കണക്കിനു
അമ്മേടേ അച്ഛന്റെ തല്ലുവാങ്ങിച്ചതും

കൊച്ചു പണപ്പാത്ര മൊന്നുതുറന്നിട്ട്‌
കൊച്ചച്ചനറിയാതെ കാശൊന്നു കട്ടതും
പിന്നീടതെങ്ങിനോ അമ്മയറീഞ്ഞതും
കുഞ്ഞുകാന്താരീടെ ചൂരൊന്നറീഞ്ഞതും

ചിത്രം വരച്ചപോൽ ഇന്നെന്റെ ഉള്ളിലായ്‌
ഓർത്തു പോകുന്നു എൻ കുഞ്ഞുകാലം.

കന്നിമാസത്തിലെ കൊയ്ത്തു കഴിഞ്ഞനാൾ
പാടത്ത്‌ മാടോത്തി വന്നൊന്നിരുന്ന നാൾ
ചൂണ്ടക്കയരു കുരുക്കുകൾ കാട്ടീട്ട്‌
അരിമണി പയർമണി ഇരയായി നൽകീട്ട്‌
കാടീന്റെ പൊന്തേൽ മറഞ്ഞൊന്നിരുന്നിട്ട്‌
കാലു കുരുങ്ങിയ ചെങ്കണ്ണി പ്രാവിനെ
ആർപ്പു വിളികളോടോടീപ്പിടീച്ചിട്ട്‌
നാട്ടരെ മുഴുവനും കാട്ടിക്കൊടുത്തിട്ട്‌
വീരനായ്‌ നാട്ടിൽ നടന്നകാലം...
ഓർത്തു പോകുന്നൊരെൻ കുഞ്ഞു ബാല്യം

ഗോലി മേടീച്ചിട്ടു ഗോലികളിച്ചതും
കല്ലുപെറുക്കീട്ടു കൊത്തങ്കല്ലാടിയും.
കുട്ടിയും കോലും കളിച്ചിട്ടും പോരാഞ്ഞ്‌
കണ്ണൂപൊത്തിക്കൊണ്ടു കാടൊന്നു കേറിയതും.

കന്നിമഴയിൽ കാലു നനച്ചിട്ട്‌
ഉമ്മറപ്പടിയിൽ തോണീയിറക്കീട്ട്‌
വാഴത്തടകൊണ്ടു ചങ്ങാടമിട്ടിട്ട്‌
ചങ്ങാതികൾകൂടി ഓടം തുഴഞ്ഞതും

തുള്ളിചെറുമഴ താളത്തിൽ പെയ്യുമ്പോൾ
താളിലക്കുടചൂടി ചെളിവെള്ള തോട്ടിൽ
കാൽപ്പടം കൊണ്ടൊരോതാളമടിച്ചിട്ട്‌
ഇല്ല കുളത്തിൽ കുളിക്കാൻ പോകുമ്പോൽ
പുള്ളിക്കരത്തോർത്തിൽ ചെറൂവെള്ളി മീനിനെ
തഞ്ചത്തിൽ കോരിയെടൂത്തതും അന്നു ചെറു-
കുപ്പീലിട്ടൊന്നടച്ചതും...ഇന്നലെ
ഇന്നലെ നടന്നത്‌ പോലെ തന്നെ...

ഇനി വരില്ലെന്നാലു ഈക്കാല മിനിയൊന്നു
വന്നിരുന്നെങ്കിലെന്നാശിച്ചു ഞാൻ
ഒരു നാളും മായാതെ മാറിവിൽ ഒളിപോലെ
മനതാരിൽ മിന്നി തിളങ്ങിയെങ്കിൽ

മഞ്ഞുകാലത്തിലെ പൂക്കളെ നിങ്ങളൊരു
മാസ്മര മലരുകളിന്നെനിക്ക്‌.

Wednesday, October 14, 2009

ശിലാ ഫലകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത്

ശിലാ ഫലകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത്
എന്തായിരുന്നു...കണ്ണട വെച്ചിട്ടും കണ്ടില്ല
ഇനി ഭൂതകണ്ണാടിക്കു ചെക്കനെ പറഞ്ഞയക്കണം
വാച്ച് മെക്കാനിക്ക് സദൻ തരുമോ ആവോ..

മിനിട്ടു സൂചിക്കും സെക്കന്റ് സൂചിക്കും പിന്നെ
മണിക്കൂർ സൂചിക്കും ഇടയിൽ അവന്റെ മനസ്സ്
ഒരു..സെക്കന്റു പിഴച്ചാൽ തീർന്നില്ലേ ലോകം..
ഭൂതക്കണ്ണാടി ...പ്രതീക്ഷമാത്രമായി അവശേഷിച്ചു.

കണ്ണിലൊരു തുള്ളി പനിനീരൊഴിക്കാം...
ജാനുവിന്റെ അടുത്തേക്ക് ചെക്കനെ പറഞ്ഞയക്കാം
മാനസപുത്രിക്കും ..പാരിജാതത്തിനും..പിന്നെ
ദേവീ മാഹാത്മ്യത്തിനും ..ഇടയിൽ കിടന്നവൾ
വേദനിക്കുന്നതു കാണുമ്പോൽ ..വേണ്ടെട ചെക്കാ..

ഇനി ഈ കണ്ണട വച്ചാൽ നിനക്കിതു കാണുമോ...?
എന്നാൽ ചെക്കനൊരു കൈ നോക്കട്ടെ.
അവൻ വയിക്കുന്നുണ്ടല്ലോ.കണ്ണട വെയ്ക്കാതെ !!!
അവനു ചിരി വരുന്നുണ്ടല്ലോ..
ദേ...ചെക്കൻ തുള്ളിച്ചാടുന്നു ..നൃത്തം വെയ്ക്കുന്നു...
ദേ ...എന്റെ ടോർച്ച്...അതെടുത്തവൻ പാട്ടു പാടുന്നു..

ഏയ് ഇവൻ ഇത് വായിച്ചിട്ടൂണ്ടാകില്ല...ചുമ്മാ വെറുതേ..
ഇനി അമ്മിണിക്കുട്ടിയോടോന്നു ചോദിക്കാം..
ആ ലാപ് ടൊപ്പൊന്നവിടെ വച്ച് അമ്മിണിക്കുട്ടീയൊന്നിങ്ങൂ വന്നേ..
അപ്പുപ്പന്റെ ഈ കണ്ണടയൊന്നിട്ട് ഇതൊന്നു വായിച്ചേ...
അമ്മിണിക്കുട്ടീ അതു വായിക്കുന്നേ....അയ്യയ്യേ............

ഇവളെന്താ ഈ കാട്ടണേ...നാണമില്ലേടീ നിനക്ക്
അവളുടുത്ത പാവാടയും ബ്ലൌസും ഒക്കെ ദാണ്ടെ കിടക്കണ്
ഇവളിതെന്നാ നടത്തമാ നടക്കണെ...?
ഇവളുടെ കാലെന്താ നിലത്തുറക്കത്തെ ..
അയ്യോ..ഇതെന്തൊരു നോട്ടം....
ഉള്ളതും കൂടി അഴിച്ചു കളയുന്നതിനും മുമ്പേ.
ടീ ശാരദേ നീ നിന്റെ മോളെ ഒന്നു നിലയ്ക്കു നിർത്തിയേ..

ശാരദ ഒരു കോളേജു ടീച്ചറാ...കോളേജും സ്വന്തമാ....
അവളിതു പണ്ടേ.. വയിച്ചതാ...പക്ഷെ...എന്താന്നു മാത്രം
എന്നോടു പറഞ്ഞില്ല.
പിള്ളേരു ലക്ഷങ്ങൾ കൊടൂക്കുന്നതു കാണാം..
അതില്ല്ലാത്തവനെ ആട്ടിപ്പായിപ്പിക്കുന്നതും കാണാം

ഇനി ഒരുത്തൻ മകൻ രാഘവൻ
അവനും അവളേപ്പോലെ പണ്ടേ വായിച്ചതാ
എന്നിട്ടും എന്നോടൂ പറഞ്ഞില്ല ..
അവനുള്ള ഭൂമിയൊക്കെ വാങ്ങിക്കൂട്ടീ
പത്തിരട്ടിക്കു മറിച്ചു കൊടുക്കുവാ...
പിന്നെ ഉള്ള മണ്ണും മരവും പഴയ തറവാടും
കുളവും , കായലും, പുഴയും,ഒക്കെ..
ഇപ്പൊ കടലിലാണെന്നു തോന്നുന്നു..പണി..
പുതിയപുതിയ കുറേ കരാറൂണ്ടെന്നു പറയുന്ന കേട്ടൂ.

എന്നിട്ടും എനിക്കതൊന്നു വായിക്കാൻ പറ്റുന്നില്ലല്ലോ..
അയ്യോ..എന്റെ ശരീരം..ക്ഷീണിക്കുകയാണല്ലോ
എന്റെ തോലുകളിൽ ചുളിവുകൾ വീണല്ലോ..!!!
എന്റെ മുടി മുഴുവനും നരച്ചല്ലോ..എന്നെകൊണ്ടീനി
ഒന്നിനും കൊള്ളാതായോ..?

അയ്യയ്യോ..ഇപ്പോൾ എനിക്കിതു വായിക്കാം...
എന്തു...ഞാൻ എന്താണീ..കാണുന്നതു.
വയസ്സു കാലത്ത്...മക്കളൊടൊന്നിച്ചിരിക്കാൻ
അവരുടെ സ്നേഹം കിട്ടീ മരിക്കാൻ എന്നെ അനുവദിക്കില്ലെന്നോ..

അങ്ങിനെ റപ്പായി..ഇപ്പൊൾ വൃദ്ധ സദനത്തിലാണ്.

Sunday, October 11, 2009

ശബ്ദം




അടച്ചിട്ട മുറിയിൽ ഞാൻ തനിച്ചിരുന്നു സംസാരിച്ചു

ആർക്കൊക്കെയോ വേണ്ടി ശക്തമായി വാദിച്ചു

ഇപ്പോൾ ഞാൻ മൌനം പാലിച്ചിരിക്കുന്നു

നിശബ്ദതകളിൽ എവിടെയോ

ശബ്ദത്തിന്റെ അലയൊലികൾ

കൂരിരുട്ടിലെ പ്രേത ശബ്ദം പോലെ


മൃഗങ്ങൾപോലും മൌനം പാലിച്ചിരിക്കുന്നു

നനഞ്ഞ മേഘങ്ങൾ പോലും വിങ്ങി വിങ്ങി

ഒന്നു പെയ്യാതെ പരസ്പരം ഒന്നു കൂട്ടി മുട്ടാതെ

ഗ്രഹണം ബാധിച്ച പോൽ ...ലോകം


പ്രതിബദ്ധതകളില്ലാതെ സഹാനുഭുതിയില്ലാതെ

കാണാതെ കേൾക്കാതെ ഒന്നും പറയാനാവാതെ ...

എന്നിട്ടും പിന്നെയും പിന്നെയും പഠിക്കാതെ അപ്പോഴും

അടച്ചിട്ട മുറികളിൽ നാലു ചുവരുകൾ കേൾക്കെ

ശബ്ദങ്ങൾ മന്ത്രിച്ചൂ

വരിക വരിക സഹചരേ...സഹന സമര സമയമായ്

കരളുറച്ചു കൈകൾ കോർത്ത് കാൽ നടയ്ക്കു പോകനാം..

Wednesday, September 30, 2009

വെളുത്ത ചിന്തയെ കൊന്ന കറുത്ത ചിന്ത

എന്റെ വെളുത്ത ചിന്തയ്ക്കു പിറന്ന കറൂത്ത കുഞ്ഞുങ്ങളെ.
നിങ്ങളെങ്ങിനെ കറുത്തു പോയി....?
എന്റെ പാതി ചാലിച്ച്‌ ഞാൻ നൽകിയ ബീജത്തിൽ
പ്രതികരിക്കുന്ന യൌവ്വനം, പ്രണയം, ദയ, കാരുണ്യം,
എന്നിവ നിറച്ചിരുന്നു.

എന്റെ ഇടനെഞ്ചിലെ ഞരമ്പു മുറിച്ചചോരയിൽ
വിപ്ലവത്തിന്റെ തീഷ്ണത, നേരിനോടുള്ള ആവേശം,
ചതിയോടുള്ള പ്രതികാരം, സ്വാന്ത്വനത്തോടുള്ള അലിവ്‌.
സഹാനുഭൂതി.എന്നിവ ഉണ്ടായിരുന്നു.

എന്റെ കണ്ണിമകളിലെ പീലിതുമ്പിൽകാരുണ്യത്തിന്റെ
കടൽ വെള്ളമുണ്ടായിരുന്നു
എന്റെ നാവിൻ തുമ്പിൽ നിരാലംബരുടെ
പാട്ടയിരുന്നുഎന്റെ സംഗീതത്തിനു കർഷകന്റെ താളമായിരുന്നു
ഞാനുണ്ട ചോറിനു പുന്നെല്ലിന്റെ മണമായിരുന്നു .
വിരുന്നു വരാറുള്ള കിളികൾ മാടത്തയും ,ചങ്ങാലി പ്രാവുകളും,
കൊറ്റിയും ഒക്കെ ആയിരുന്നു.

പിന്നെ നീയെന്തെ ഇങ്ങിനെ....?
കണ്ണില്ലാതെ ,കാതില്ലാതെ ,മിണ്ടാൻ കഴിയാതെ ....
യൗവ്വനത്തിലും വാർദ്ധക്യത്തിന്റെ വേദനയുമായി ഊന്നുവടിയിൽ
നിന്റെ ഞരമ്പുകൾ തുടിക്കാത്തതെന്തെ..?
നിന്റെ കൈകൾ ചൂണ്ടാത്തതെന്തെ....?
കാമുകിയെ ചുമ്പിക്കാൻ മാത്രം ഉയരുന്ന നിന്റെ ചുണ്ടുകൾ കൊണ്ട്‌
ആർദ്ദ്രമായ്‌ അമ്മയെ ഒന്നു ചുമ്പിക്കാത്തതെന്തെ..?

ഇല്ല നിനക്ക്‌ ഇങ്ങിനെയേ....ആകാൻ കഴിയൂ..
നിന്നെ നിശ്ചലരാക്കുന്നവർ
ഇപ്പോഴും പാണ്ടവ പക്ഷത്ത് തന്നെയാണ്.....!!!!
ചതിയും കുതന്ത്രവും അവർക്കു മാത്രമേ അറിയൂ...
അതിനാൽ ജയമെപ്പോഴും അവർക്കൊപ്പമാകും..
പിന്നെ ശരശയ്യയിൽ വെളുത്ത ചിന്തയ്ക്കു മരണവും...!!!

Monday, September 28, 2009

ശബ്ദം

അടച്ചിട്ട മുറിയിൽ
ഞാൻ തനിച്ചിരുന്നു സംസാരിച്ചു

ആർക്കൊക്കെയോ വേണ്ടി
ശക്തമായി വാദിച്ചു


ഇപ്പോൾ ഞാൻ മൌനം പാലിച്ചിരിക്കുന്നു

നിശബ്ദതകളിൽ എവിടെയോ..
ആ ശബ്ദത്തിന്റെ അലയൊലികൾ
കൂരിരുട്ടിലെ പ്രേത ശബ്ദം പോലെ

മൃഗങ്ങൾപോലും മൌനം പാലിച്ചിരിക്കുന്നു
നനഞ്ഞ മേഘങ്ങൾ പോലും
വിങ്ങി വിങ്ങി ഒന്നു പെയ്യാതെ
പരസ്പരം ഒന്നു കൂട്ടി മുട്ടാതെ
ഗ്രഹണം ബാധിച്ച പോൽ ...ലോകം

പ്രതിബദ്ധതകളില്ലാതെ
സഹാനുഭുതിയില്ലാതെ
കാണാതെ കേൾക്കാതെ
ഒന്നും പറയാനാവാതെ ...
എന്നിട്ടും പിന്നെയും പിന്നെയും പഠിക്കാതെ

അപ്പോഴും അടച്ചിട്ട മുറികളിൽ
നാലു ചുവരുകൾ കേൾക്കെ
ശബ്ദങ്ങൾ മന്ത്രിച്ചൂ
വരിക വരിക സഹചരേ...സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്ത് കാൽ നടയ്ക്കു പോകനാം..

ഹൃദയ കാവ്യം

വാതിൽ ചാരാതെ കാത്തുവച്ചോരോർമ്മ
നേർത്ത ഞരക്കത്തോടെ പാതി തുറ-
ന്നാർദ്രമാം മഞ്ഞിന്റെ പാടനീക്കി
വയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓർത്തൊരോണപൂവിന്റെ നേർത്ത നീല നിറം
മാറത്തു ചാർത്തി . ഇളം ചന്ദനത്തിന്റെ വാസന.
ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ..
കുപ്പിവളക്കിലുക്കത്തിലുതിർന്ന ചെറുകഷ്ണങ്ങൾ..തുള്ളി തെറിച്ച്.
ഇടവഴികളിൽ ഊർന്നു വീഴവേ...പുഞ്ചിരിക്കൊലുസുകിലുക്കി
ഓടി മറഞ്ഞവൾ..
വയൽ വരമ്പിൽ കണ്മിഴിച്ച കാക്കാത്തി പൂവുകൾ-
പോലെ കണ്ണിലഞ്ജനം ചേർത്ത്.
കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി
മെല്ലെ ഇളം കാറ്റിൽ ചാഞ്ചാടി
പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

നിനച്ചിരിക്കാതെ ഒരു ഇടവപ്പാതി
കരി മാരി പെയ്തു തീർക്കാൻ തുടങ്ങവെ
കരൾ ചേർത്ത് കാത്തുവച്ച കനിവോലും നിധി
കടലെടുത്തതും ...ഇഡി വെട്ടി കൊള്ളി മിന്നലുകൾ
തുള്ളിക്കളിച്ചതും..എന്റെ ഇടനെഞ്ചിൽ...
കൂരമ്പു കൊണ്ടതും.
നീ കൂട്ടീ വച്ച മഞ്ചാടി കുരുവിനോട്
നിന്റെ ആയുസ്സു പിണങ്ങിയതും
മറന്ന ലിപികളിലാരോ എഴുതിയ പ്രണയകാവ്യം-
പോലെ വായ്ച്ചെടുക്കാനാവാതെ.....
നേർത്ത പുകമഞ്ഞു പോലെ..പാടവരമ്പത്തിനപ്പുറത്ത്...
ഞാനേകനായ് ഇവിടെയും.

Sunday, September 27, 2009

ഹൃദയ കാവ്യം


വാതിൽ ചാരാതെ കാത്തുവച്ചോരോർമ്മനേർത്ത

ഞരക്കത്തോടെ പാതി തുറ-ന്നാർദ്രമാം മഞ്ഞിന്റെ

പാടനീക്കിവയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓർത്തൊരോണപൂവിന്റെ നേർത്ത

നീല നിറംമാറത്തു ചാർത്തി . ഇളം ചന്ദനത്തിന്റെ വാസന.

ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ..

കുപ്പിവളക്കിലുക്കത്തിലുതിർന്ന ചെറുകഷ്ണങ്ങൾ..

തുള്ളി തെറിച്ച്.ഇടവഴികളിൽ ഊർന്നു വീഴവേ...

പുഞ്ചിരിക്കൊലുസുകിലുക്കിഓടി മറഞ്ഞവൾ..

വയൽ വരമ്പിൽ കണ്മിഴിച്ച കാക്കാത്തി പൂവുകൾ-

പോലെ കണ്ണിലഞ്ജനം ചേർത്ത്.

കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി

മെല്ലെ ഇളം കാറ്റിൽ ചാഞ്ചടി

പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

നിനച്ചിരിക്കാതെ ഒരു ഇടവപ്പതി

കരി മാരി പെയ്തു തുടങ്ങവേ.

ചേർത്ത് കാത്തുവച്ച കനിവോലും നിധികടലെടുത്തതും ...

ഇഡി വെട്ടി കൊള്ളി മിന്നലുകൾതുള്ളിക്കളിച്ചതും..

എന്റെ ഇടനെഞ്ചിൽ...കൂരമ്പു കൊണ്ടതും.

നീ കൂട്ടീ വച്ച മഞ്ചാടി കുരുവിനോട് നിന്റെ

ആയുസ്സു പിണങ്ങിയതും

മറന്ന ലിപികളിൽ എഴുതിയ പ്രണയകാവ്യം-

പോലെ വായ്ച്ചെടുക്കാനാവാതെ.....

നേർത്ത പുകമഞ്ഞു പോലെ..

പാടവരമ്പത്തിനപ്പുറത്ത്...

ഞാനേകനായ് ഇവിടെയും.

Saturday, June 6, 2009

തീവ്ര വാദികള്‍ ജനിക്കുന്നത്




മതവികാരം വ്രണപ്പെടൂത്തിയപ്പൊ

അവന്‍ വാളെടുത്തതാ‍..

അവരെന്തിനാ അങ്ങീനെ ചെയ്തേ....?

അതുകൊണ്ടല്ലേ അവന്‍ അങ്ങിനെ.

വീട്ടില്‍ പട്ടിണീയാ

അവര്‍ പണം നല്‍കാമെന്നു പറഞ്ഞൂ

ഇപ്പൊ പട്ടിണീ മാറീല്ലേ..?

അതിനുവേണ്ടീയല്ലേ..അവന്‍ അങ്ങീനെ.

അന്യ മതക്കാര്‍ അവന്റെ നാട്ടില്‍

അങ്ങിനെ താമസിക്കരുതോ..

താമസിച്ചതും പോരാഞ്ഞ് അവര്‍

ചീത്തവിളിക്കുന്നോ...?

അതുകൊണ്ടല്ലേ അവന്‍ അങ്ങീനെ.

ഇതെല്ലാം അവരുടെ വാദങ്ങള്‍

ഇനി എന്റെ വാദം

പൊക്കിള്‍ക്കൊടീയില്‍ ജീവന്റെ

തളീര്‍ കിളീര്‍ക്കുമ്പോള്‍..

കേള്‍ക്കുന്നത് ബാങ്കൊലിയും ഓംകാരവും

സ്കൂളുകള്‍ക്കു പുറമേ..മദ്രസ്സയും ശാഖയും

ഉമ്മായും ബാപ്പായും അച്ഛനും അമ്മയും

ഓരോ ഭ്രൂണവും വളരുന്നത്

ഓരോ തീവ്രവാദിയെയും കൊണ്ടാണ്.

Saturday, March 21, 2009

മരം.

മരമെന്ന വാക്കിന്നു വരമെന്ന് ഞാന്‍

മരമെന്നവാക്കിന്നു പണമെന്ന് അവന്‍

മരമെങ്ങിനെ പണമെന്ന് ഞാന്‍

മരമെങ്ങിനെ വരമെന്ന് അവന്‍

മരവും പണവും വരവും.....!!!!

“കുന്തം‘ ‘കോപ്പ്‘ എന്ന് മറ്റവന്‍

മരമെല്ലാം മുറിച്ചപ്പോള്‍

പണമായത് ഞാന്‍ കണ്ടു.

മുറിച്ചമരമെല്ലാം

മരിച്ചത് അവന്‍ കണ്ടു.

കാലം വ്രിദ്ധനായി....!!!!

മരമില്ലാത്ത നാട് മഴയില്ലാത്തതായി

മരണങ്ങള്‍ നാടു നിറഞ്ഞു....!!!!

അവനും മറ്റവനും...എല്ലാം

എന്നെ തിരക്കി ഞാന്‍ അപ്പൊഴേക്കും

മരിച്ചു കഴിഞ്ഞിരുന്നു

Monday, March 16, 2009

മോക്ഷം

ചിതലരിച്ച മസ്തകതാളുകളില്‍
ചന്ദനതിരിയുടെ മണം
ചളിതേച്ച മനസ്സിന്
പേറ്റുനോവ്.
ആറ്റുനോറ്റുണ്ടായ ചിന്തയ്ക്കു
ഗര്‍ഭത്തില്‍ തന്നെ മരണം
ദര്‍ഭപുല്ലുകൊണ്ടൊരു ബലിതര്‍പ്പണം
കൈകൊട്ടിവിളിച്ച കാക്കകള്‍
വന്നതേയില്ല...
മോക്ഷം കിട്ടാതലയുന്ന
ചിന്തയെ വഴികളില്‍
അര്‍ദ്ധവേഷത്തിന്റെ വിടവുകളില്‍
തുളുമ്പുന്ന മാര്‍ദ്ദവങ്ങളില്‍
തുണിയഴിച്ചാടും സിനിമാക്കളങ്ങളില്‍
വാടകയ്ക്കെടുത്ത പരിഷ്ക്കാരങ്ങളില്‍
നുരപതയുന്ന ചില്ലുഗ്ലാസ്സില്‍
അതിലുറയുന്ന ചടുലതാളത്തില്‍
അന്നം മുടക്കിയ വയലുകളില്‍
അന്നപൂരണ്ണേശ്വരി കാവുകളില്‍
കല്ലുകള്‍ പൂക്കുന്നിടങ്ങളില്‍
ദേവന്റെ കല്ലുകള്‍ കാശുവാ‍രുന്നിടങ്ങളില്‍
പവിത്ര ചാരിത്രങ്ങള്‍ കൊത്തിപ്പറീക്കുന്ന
സി ഡി കഴുകന്റെ ചോരക്കണ്ണീല്‍
കപടക്കുളങ്ങളില്‍ നീരാടി വീറോടെ
പോരാളിയേ പോ‍ലെ നില്‍പ്പുകണ്ടോ
കാക്കകള്‍ വന്നില്ല എന്നാലും
മോക്ഷമതു കടാക്ഷമായ് വന്നിരുന്നു
മോക്ഷത്തിനായ് വേണ്ടി മറ്റൊരു തീരത്ത്
എള്ളും പൂവും തിരിയിലയും വച്ച്
കാത്തിരുന്നഞാനെത്ര വിഡ്ഡി.