Sunday, September 26, 2010

ഡ്രീംസ്

ഞാൻ നക്ഷത്രങ്ങളെ സ്വപ്നം കണ്ടു
നക്ഷത്രങ്ങൾ എന്തായിരിക്കും സ്വപ്നം കാണുക ..?
താഴെ കത്തി നിൽക്കുന്ന ഭൂമിയിലേക്ക് ഇറങ്ങിച്ചെന്ന്
കേരളം കാണണമെന്നോ...!!!!!!
പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നോ...?
അതോ ഒരു വോട്ടു ചെയ്യണമെന്നോ...?
അതോ ഒരിക്കിലും മത്സരിക്കാനാവാത്തവിധം നക്ഷത്രം
വധിക്കപ്പെടുമെന്നോ...?
അതെ നക്ഷത്രം സ്വപ്നം കാണുന്നത് മരണത്തെയാണ് !!!.
കൈ നീട്ടിപ്പിടിച്ച മരണത്തെ........!!!!!!

Sunday, July 18, 2010

പ്രിയ സുഹൃത്തിന്.

       പ്രിയ സുഹൃത്തിന്.
........................................................... 

    അപരിചിതമായ മുഖമണെനിക്കന്നു  നീ

    അകലെ എവിടെയോ കണ്ട ഓർമ്മ മാത്രമാണു നീ

    ആദ്യ നോട്ടത്തിൽ പുഞ്ചിരി കൊണ്ടു നീ എന്റെ

    ആത്മ  സൌഹൃദം പങ്കിട്ടെടുത്തു

    വിറയാർന്ന കൈകളാൽ സുഹൃത്തെ 

    എഴുതട്ടെ ഞാൻ നിന്നോർമ്മ കുറിപ്പുകൾ 

    നിനക്കായ്  ഓർമ്മക്കുറിപ്പുകൾ.


    ജീവ ചക്രത്തിൽ സുഖം മരിച്ചീടവെ

    ദുഖം പിറക്കുന്ന ശോകയാമത്തിൽ

    ഒരു വിമാന ചിറകിൽ കൈ കോർത്ത്

    നാം ഇക്കരെ എത്തി


    പ്രിയമുള്ളതെല്ലാം അറുത്തു മാറ്റി

    ഈ ചുടു സന്ന്യാസ ഭൂവിൽ

    കനൽ കൊള്ളാൻ തുടങ്ങവെ

    അല്പ സ്വാന്ത്വന മാശ്വാസ വാക്കുമായി

    നീ പകർന്ന ധൈര്യവും സ്നേഹവും

    അതൊന്നു മാത്രമാണീ മണലിലിന്നു ഞാൻ

    ജീവിച്ചു തീർക്കുന്നിതോരോ നിമിഷവും


    ആത്മ സംഘർഷങ്ങളണപൊട്ടിടുമ്പോഴും

     ഒരു മുറിയിലൊന്നായി നമ്മളെ തളച്ചതും

    ഇരു പാത്രമില്ലാതെ ഒന്നായുണ്ടുറങ്ങിയും

    ഒരു സൌഹൃദ ഗാഥ രചിച്ചു നാം.


    പ്രിയമുള്ളതെല്ലാം വെടിഞ്ഞീമരുക്കാട്ടിൽ

    വനവാസ കാലം തുടരവെ

    ദുഖ:ങ്ങളെല്ലാം  പങ്കിട്ടെടുത്തു നാം

    സ്വപ്നങ്ങളെല്ലാം പങ്കിട്ടെടുത്തു നാം


     നഷ്ടമായൊരച്ച്ഛനെ അമ്മയെ

    ഇഷ്ടമായൊരു നാടിനെ നാട്ടാരെ

    ഓർത്തു വിലപിച്ച നാളു മരിച്ചു പോയ്

    നീഅടുത്തിരുന്നോരോന്നു ചൊല്ലുമ്പോൾ


    ആടിയും പാടിയും ആഘോഷമായി നാം

    ഈ പ്രവാസം സ്വർഗ്ഗമാക്കിയ നാൾ മുതൽ

    എന്തെന്തു കാര്യങ്ങൾ എത്ര വിശേഷങ്ങൾ

    ഓന്നായ് വളർത്തിനാം.


    അന്നൊരു രാത്രിയിൽ നിലാവിന്റെ താഴത്ത്

    ചെങ്കടൽ കറ്റേറ്റിരിക്കുന്ന നേരത്ത്

    ആദ്യ പ്രണയത്തിൻ പുസ്തകം നീ തുറന്നതും

    ആത്മ രാഗത്തിന്റെ ഗീതം പൊഴിച്ചതും

    അവളെയല്ലാതെ മറ്റൊരു ജീവനെൻ

    ഉടലിലില്ലെന്നു നീ തീർത്തു പറഞ്ഞതും.


    നിന്റെ അനുരാഗ രഹസ്യ ചെപ്പു നീ

    തെല്ലു മടിയാതെനിക്കായ് തുറക്കുമ്പോൾ

    ആത്മബന്ധത്തിന്റെ ആഴമറിഞ്ഞു ഞാൻ

    സ്വർഗ്ഗ സന്തോഷ  ചിത്തനായ് നിൽക്കവെ


    എന്നോ കിട്ടിയോരിടവേളയിൽ നീ നിന്റെ

    പ്രണയ മുത്തിന്നു വരണ മാല്യം കൊടുത്തനാൾ

    നിന്റെ ജീവന്റെ പാതി നീ സ്വന്തമാക്കിയ നാൾ

    നിനക്കാശംസ ഞാൻ ചൊരിഞ്ഞ നാൾ

    ഓർത്തു പോകുന്നു പ്രിയാ.. മംഗളാശംസകൾ.


    തുച്ച്ഛമാം ഇടവേള കഴിഞ്ഞൂ നീ

    അവളെയും വേർപിരിഞ്ഞിങ്ങോട്ടു പോന്നനാൾ

    വിരഹ ദുഖത്താലെരിഞ്ഞൂ നീ ഒരു ചെറു

    വെയിലേറ്റു വാടിയ ചെമ്പനീരാകവെ

    മാമക ചില്ലയിൽ കൂടൊരുക്കിയോരോമൽ കിളിയെ

    ഓർത്തു നീകരഞ്ഞീടവെ .

    നിന്നിൽ പ്രണയം മാത്രമാണന്നു ഞാൻ കണ്ടതും

    വായിച്ചെടുത്തതും


     അവളെയും പിരിഞ്ഞീ  മണലിൽ നാലുനാൾ കഴിഞ്ഞപ്പോൾ

    ഉച്ചവെയിൽ തിന്ന് കരിമേഘ മാലകൾ ഉറക്കം പിടിക്കവെ

    തമാശയായ് ആരോ ചൊല്ലി നീ മരിച്ചെന്ന്

    ചിരിച്ചു തള്ളി ഞാനാദ്യമതെങ്കിലും

    സത്യമതായിരുന്നെന്നു വൈകിഞാനറിഞ്ഞു പോയ്


    കരിമുകിൽ പെയ്തിറങ്ങി ഇടിവെട്ടി കൊള്ളിയാൻ മിന്നി

    എന്നിടനെഞ്ചിൽ  സിരാ തന്ത്രികൾ മുറുകി

    പിടഞ്ഞുപോയ്  കരൾ നീറി പുകഞ്ഞു പോയ്

    എന്തിനീ ക്രൂരത ചെയ്തു നീ..


    ഒന്നും പറയാതെ ഒരു വരിപോലു മെഴുതാതെ

    ഒരു കയർ തുമ്പിൽ നീ നിന്റെ സർവ്വം പൊലിച്ചത്

    എന്തിനാണെന്നു ചികഞ്ഞുള്ളം നീറുന്നു

    എല്ലാം പറഞ്ഞിരുന്നില്ലെ നീ എന്നോടു

    മറ്റെല്ലാം പറഞ്ഞിരുന്നില്ലെ

    ഇതു മാത്രമെന്തിന്നൊളിച്ചു നീ അകലുവാൻ‌-

    അത്രയ്ക്കു വേദനയെന്തേ നിനക്കിന്ന്


    ചെറു കയർ തുമ്പിൽ നീ അകന്നതെവിടേക്ക്

    അവിടെ നിനക്കു ഞാനില്ല കൂട്ടിന്ന്

    നിന്റെ പ്രണയപ്പനിനീരില്ല

    നിന്നച്ച്ഛനില്ല അമ്മയില്ല

    നാടില്ല നാട്ടാരില്ല .


    ഉച്ചയ്ക്കു നാം ഒരുമിച്ചു ചോറുണ്ടു പിരിഞ്ഞതല്ലെ

    തെല്ലൊരസ്വസ്ഥമായൊന്നും കണ്ടീല നിൻ മുഖം

    ഏതു കലിനിമിഷത്തിലാണു നിൻ ചിത്തത്തിൽ

    ഈ ദുർവിചാരം പിറവിയെടുത്തതും


    ഒരു നിമിഷമെങ്കിലും നീ ചിന്തിച്ചിരുന്നെങ്കിൽ

    ഒരു ജന്മമേയുള്ളൂ  ഈ മണ്ണിൽ മർത്ത്യന്ന്

     നിന്നെ പ്രണയിച്ച നിന്റെ പാതിയും

    അച്ഛനു മമ്മയും പിന്നെയീ ഞങ്ങളും

    ഒന്നോർത്തിരുന്നെങ്കിൽ വേണ്ടുമോ ഈ ചതി


    പ്രിയ സുഹൃത്തേ  നഷ്ടപ്പെടാൻ നിനക്കൊന്നുമില്ലെന്നാലും

    നഷ്ടമായത്  നിന്നെ

    ഇഷ്ടപ്പെടുന്നവർക്കു മാത്രമല്ലെ.



 എന്റെ മുറിയിൽ ഒരു മുഴം കയറിൽ ജീവിതം വലിച്ചെറിഞ്ഞ എന്റെ പ്രിയ്യപ്പെട്ട സുഹൃത്ത് റൂം പാർട്ട്ണർ പ്രതീഷിന് ഇത് സമർപ്പിക്കുന്നു

Sunday, June 20, 2010

പാഞ്ചാലി നഗ്നതന്നെ

...................................................................................................

വളുറങ്ങാറില്ല രാവിന്റെ ഇരുളിലവർ
വരുമെന്നതോർത്തു കരഞ്ഞുകൊണ്ട് .
അവളുറങ്ങാറില്ല ഇണയൊത്തു ജീവിതം
അവർ തരികയില്ലെന്നതോർത്തു കൊണ്ട്.


പ്രാണൻ പിടയുന്ന ചില്ലുപാത്രങ്ങളിൽ
നോവിന്റെ ശോക നീരൂറ്റിക്കുടിക്കുമ്പോൾ
ആർത്തിയിലഭിരമിച്ചേതോകിരാതന്റെ
കിടക്കയിലമരുന്ന നിലവിളികൾ-
ഭീതിതമായൊരു ഭാവി കാലത്തിന്റെ-
സൂക്ഷ്മമായൊരു ചെറു ധ്വനി മുഴക്കുന്നു .


നഗ്നകിതപ്പുകൾ ഏറുന്നു ചുറ്റിലും
കുറുനരികൾ നിന്നു കിതയ്ക്കുന്നു
കണ്ണുകളിൽ ചോരത്തിളപ്പിന്റെ രൌദ്രരൂപം
ക്കൂടെ കാമകുതിപ്പിന്റെ വശ്യരൂപം


വെറിപൂണ്ട്,വെറിപൂണ്ട് സംഘങ്ങളായ് ചേർന്ന്
സങ്കടം വാരിവിതയ്ക്കുവോരായവർ
കരിരാവിലവളുടെ സ്വപ്നം മറച്ചവർ
വർണ്ണങ്ങളെല്ലാം കെടുത്തിക്കളഞ്ഞവർ


അവളുറങ്ങാറില്ല രാവിന്റെ ഇരുളിലവർ
വരുമെന്നതോർത്തു കരഞ്ഞു കൊണ്ട്
അവളുറങ്ങാറില്ല വഴിയറ്റ ജീവിത-
യാത്രയ്ക്കവസാനമോർത്തുകൊണ്ട്


ഭുമിയോളം താഴ്ന്നിതെങ്കിലും പിന്നെയും
ഭൂമിക്കുതാഴെയും അവരിരിപ്പൂ
വിശ്വം കാക്കുവോരെന്നാണവർക്കുപേർ
പകൽ മാന്യ മാർജ്ജാര സന്തതികൾ


അവളുറങ്ങാറില്ല പകലിന്റെ വേദനയിൽ
ആവളുറങ്ങാറില്ല വിധിതീർത്ത ജയിലറയിൽ
അവളൂറങ്ങാറില്ല ചതി തീർത്ത മണിയറയിൽ
അവളൂറങ്ങാറില്ല വേശ്യക്കിടക്കയിൽ.


മനമുരുകി ആരെ വിളിച്ചുവെന്നാലും
വന്നീലൊരുമാത്ര നോക്കുവാനെങ്കിലും
അവതാര സങ്കൽ‌പ്പമായിരമെങ്കിലും
ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ.
ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ

Thursday, February 18, 2010

പ്രണയ പ്രതീക്ഷ

ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇടനെഞ്ചിനിറയത്തു നിറയുന്ന വെട്ടമായ്
ഒരു മഞ്ഞു കാഴ്ചപോൽ മങ്ങി മങ്ങി..പോയൊ-
ഒഴുകുന്നൊരോടമായ് ഞാനിരിപ്പൂ...

ഓർമകൾ കൊയ്തു നിറച്ച പത്തായത്തിൽ
അളവറ്റ മൂല്യം കരുതിവച്ചിന്നു ഞാൻ
ആരേ കാത്തിരിപ്പു ......ഞാനാരേ ഓർത്തിരിപ്പൂ
ഹൃദയം പകുത്തിരിപ്പൂ ഞാനെന്നെ മറന്നിരിപ്പൂ

പ്രതീക്ഷകൾ ബാക്കിയാവുമ്പോഴും വീണ്ടും
പ്രതീക്ഷിക്കുവാനുള്ള മനസ്സുമാത്രം
എവിടെനിന്നെന്തിനായ് ആരുതന്നു
അറിയില്ലതിന്നെനിക്കന്നുമിന്നും

എഴുതാൻ തുടങ്ങിയ വരികളിലൊക്കെയും
എഴുതപ്പെടാത്ത പുതു പ്രണയമാണ്
നീ തന്ന സ്വർഗ്ഗ വികാരമാണ്
നീ പൂത്ത ലാവണ്ണ്യ രാത്രിയാണ്

ഇനിയും മരിക്കത്ത പ്രണയമായ് ഞാൻ
നീ തീർത്ത പ്രണയവും വീണ്ടെടുക്കും
ഒരു ചെപ്പിലൊരുമിച്ചൊളിച്ചു വെയ്ക്കും
ഇനി വരും പൂക്കൾക്കു ശോഭയേകാൻ

ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇനിയെന്നുമങ്ങിനെ ആയിടേണം
ഇടനെഞ്ചിനിറയത്ത് വെട്ടമായ് നീയും
അണയാത്തെ വീണ്ടും ജ്വലിച്ചിടേണം

തെളിവെയിലിൽ കാണുന്ന കാഴ്ചപോലെ
മിഴികൾക്കു മധുര വിരുന്നുനൽകി
തളിരിട്ട മലരിൻ വസന്തമാവാം
നമുക്കൊരുമിച്ചു കഥകൾ പറഞ്ഞു നേടാം


ഈ കവിതയുടെ ആലാപനം ഇവിടെ കേൾക്കാം


Saturday, February 13, 2010

പിന്നെയും പിന്നെയും ആരോ




പ്രണയം മരിക്കാതിരിക്കട്ടെ നിനക്കെന്നെയും എനിക്ക് നിന്നെയും മാത്രം സ്നേഹിക്കാന്‍ കഴിയുന്ന നാളുകള്‍ ഇനിയും പിറക്കട്ടെ
ഒരായിരം പ്രണയാശംസകള്‍
നാടകക്കാരന്റെ ഒരു ചെറിയ പ്രണയോപഹാരം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പതനിസ്വനം

Friday, February 5, 2010

കായാം പൂ....ഓടക്കുഴലിനെ ശപിക്കരുതേ.....?








പുല്ലാം കുഴലില് ഒരു പരീക്ഷണം നടത്തിയതാ....പത്താം ക്ലാസ്സു തൊട്ട് ഊതാന് തുടങ്ങിയതാ.....ആദ്യമൊക്കെ കുറേ ഊതി ഊതി തലചുറ്റുമ്പോള് നിറൂത്തും...പിന്നെ അതൊരു വാശിയായി അങ്ങിന്റെ ഒരു ശാസ്ത്രീയാഭ്യാസവും ഇല്ലാതെ ..ഇങ്ങിനെ ഒപ്പിക്കുന്നു...എനിക്കു വല്ല്യൊരാശ്വാസമാണ് ഇത്..എന്റെ ടെൻഷൻ കൊല്ലികളില് പ്രധാനി ഇവനാണ്....നന്നായിട്ടൊന്നും ഇല്ല എന്നറിയാം ചുമ്മാ ഒരു പരീക്ഷണം നടത്തിയതാ..........കൊല്ലല്ലേ...?

Monday, January 25, 2010

ഹരിയണ്ണന്റെ “നീ എനിക്കാരാണ്”.

















ഹരിയണ്ണന്റെ “ നീ എനിക്കാരാണ് എന്ന കവിത ആലപിക്കാൻ ഒരു ശ്രമം

Tuesday, January 5, 2010

ഇവള്‍

നാടകക്കാരന്റെ സുഹൃത്തും കവിയുമായ ശ്രീ ചന്ദ്രന്‍ മണ്ടൂരിന്റെ  ഇവള്‍ എന്ന കവിത നാടകക്കാരന്റെ
കാളരാഗത്തില്‍

Monday, January 4, 2010

സഖാവ് നായനാര്‍


നാടകക്കാരന്‍ കാട്ടാക്കടയുടെ ആലാപന മാധുര്യം ഇവിടെ കേള്‍ക്കാം


ഇല്ല സഖാവ് മരിക്കയില്ല
ഇല്ല സഖാവിന്നു മരണമില്ല
ചോന്നു നില്‍ക്കും കടും പൂവാക പോലെ
പൂത്തു നില്‍ക്കുന്ന മനോകുടീരങ്ങളില്‍
ഇല്ല സഖാവിന്നു മരണമില്ല
ഇല്ല സഖാവ് മരിക്കയില്ല


കണ്ണീരു വീഴുന്ന കുടിലിലുണ്ട്
കണ്ണെത്താ പാട വരമ്പിലുണ്ട്
നാം നടക്കുന്ന ഇടവഴിക്കോണിലും
സമരം മണക്കുന്ന പാതയോരത്തിലും
കയ്യൂരിന്‍ കാട്ടു വഴികളില്‍ പൂവിട്ട
കാട്ടു പന്തത്തിന്റെ ജ്വാലപോലെ
എരിയും മനസിന്റെ കൂടെയുണ്ട്
തളരും മനസ്സിന്റെ കൂടെയുണ്ട് 



വെള്ളക്കാരന്റെ കണ്ണിലുണ്ട്
വെട്ടിത്തിളങ്ങുന്ന രൌദ്രമുഖം
കാട്ടാള ജന്മി മനയ്ക്കലുണ്ട്
കാരിരുമ്പിന്റെ കറുത്ത മുഖം
കാടത്തം കൊന്നൊരു പെങ്ങടെ മാനത്തിന്‍
കൂട്ടായ്‌ കാവലായ് എന്നുമുണ്ട്


പാണക്കുടികളില്‍ വേട മാടങ്ങളില്‍
വെരാരുമില്ല കിടാങ്ങള്‍ക്കു കൂട്ടായ്‌
വേദനിക്കുന്നോരീ സ്നേഹ മുഖം
ആണിന്‍ കരുത്താര്‍ന്ന്‍ ഒരാര്ദ്ര ഹൃദയം .


ഉരിയളക്കാതെ നിറ നാഴി പോലെ
മടിയാതെ ഒഴുകുന്ന പുഞ്ചിരിയാല്‍
മൂന്നു കോടി ജന ഹൃദയങ്ങള്‍ക്ക്‌
നായകനായ സഖാവ് നായനാര്‍
നാടിന്റെ നായകന്‍ നാളത്തെ നാമ്പുകള്‍
ആദ്യം പഠിക്കേണ്ട വീര പാഠം


ആ കടല്‍ തീരത്ത് ചോപ്പ് വീഴുന്നേരം
ആ ശരീരം ചെങ്കനലെടുക്കെ
ഉയരുന്ന ധൂമ ഗോളങ്ങളില്‍ നിന്നും
ഉണരുന്നു ...
ലാല്‍സലാം സഖാക്കളെ ലാല്‍സലാം
ഇല്ല സഖാവ് മരിക്കയില്ല
ഇല്ല സഖാവിന്നു മരണമില്ല