Sunday, July 18, 2010

പ്രിയ സുഹൃത്തിന്.

       പ്രിയ സുഹൃത്തിന്.
........................................................... 

    അപരിചിതമായ മുഖമണെനിക്കന്നു  നീ

    അകലെ എവിടെയോ കണ്ട ഓർമ്മ മാത്രമാണു നീ

    ആദ്യ നോട്ടത്തിൽ പുഞ്ചിരി കൊണ്ടു നീ എന്റെ

    ആത്മ  സൌഹൃദം പങ്കിട്ടെടുത്തു

    വിറയാർന്ന കൈകളാൽ സുഹൃത്തെ 

    എഴുതട്ടെ ഞാൻ നിന്നോർമ്മ കുറിപ്പുകൾ 

    നിനക്കായ്  ഓർമ്മക്കുറിപ്പുകൾ.


    ജീവ ചക്രത്തിൽ സുഖം മരിച്ചീടവെ

    ദുഖം പിറക്കുന്ന ശോകയാമത്തിൽ

    ഒരു വിമാന ചിറകിൽ കൈ കോർത്ത്

    നാം ഇക്കരെ എത്തി


    പ്രിയമുള്ളതെല്ലാം അറുത്തു മാറ്റി

    ഈ ചുടു സന്ന്യാസ ഭൂവിൽ

    കനൽ കൊള്ളാൻ തുടങ്ങവെ

    അല്പ സ്വാന്ത്വന മാശ്വാസ വാക്കുമായി

    നീ പകർന്ന ധൈര്യവും സ്നേഹവും

    അതൊന്നു മാത്രമാണീ മണലിലിന്നു ഞാൻ

    ജീവിച്ചു തീർക്കുന്നിതോരോ നിമിഷവും


    ആത്മ സംഘർഷങ്ങളണപൊട്ടിടുമ്പോഴും

     ഒരു മുറിയിലൊന്നായി നമ്മളെ തളച്ചതും

    ഇരു പാത്രമില്ലാതെ ഒന്നായുണ്ടുറങ്ങിയും

    ഒരു സൌഹൃദ ഗാഥ രചിച്ചു നാം.


    പ്രിയമുള്ളതെല്ലാം വെടിഞ്ഞീമരുക്കാട്ടിൽ

    വനവാസ കാലം തുടരവെ

    ദുഖ:ങ്ങളെല്ലാം  പങ്കിട്ടെടുത്തു നാം

    സ്വപ്നങ്ങളെല്ലാം പങ്കിട്ടെടുത്തു നാം


     നഷ്ടമായൊരച്ച്ഛനെ അമ്മയെ

    ഇഷ്ടമായൊരു നാടിനെ നാട്ടാരെ

    ഓർത്തു വിലപിച്ച നാളു മരിച്ചു പോയ്

    നീഅടുത്തിരുന്നോരോന്നു ചൊല്ലുമ്പോൾ


    ആടിയും പാടിയും ആഘോഷമായി നാം

    ഈ പ്രവാസം സ്വർഗ്ഗമാക്കിയ നാൾ മുതൽ

    എന്തെന്തു കാര്യങ്ങൾ എത്ര വിശേഷങ്ങൾ

    ഓന്നായ് വളർത്തിനാം.


    അന്നൊരു രാത്രിയിൽ നിലാവിന്റെ താഴത്ത്

    ചെങ്കടൽ കറ്റേറ്റിരിക്കുന്ന നേരത്ത്

    ആദ്യ പ്രണയത്തിൻ പുസ്തകം നീ തുറന്നതും

    ആത്മ രാഗത്തിന്റെ ഗീതം പൊഴിച്ചതും

    അവളെയല്ലാതെ മറ്റൊരു ജീവനെൻ

    ഉടലിലില്ലെന്നു നീ തീർത്തു പറഞ്ഞതും.


    നിന്റെ അനുരാഗ രഹസ്യ ചെപ്പു നീ

    തെല്ലു മടിയാതെനിക്കായ് തുറക്കുമ്പോൾ

    ആത്മബന്ധത്തിന്റെ ആഴമറിഞ്ഞു ഞാൻ

    സ്വർഗ്ഗ സന്തോഷ  ചിത്തനായ് നിൽക്കവെ


    എന്നോ കിട്ടിയോരിടവേളയിൽ നീ നിന്റെ

    പ്രണയ മുത്തിന്നു വരണ മാല്യം കൊടുത്തനാൾ

    നിന്റെ ജീവന്റെ പാതി നീ സ്വന്തമാക്കിയ നാൾ

    നിനക്കാശംസ ഞാൻ ചൊരിഞ്ഞ നാൾ

    ഓർത്തു പോകുന്നു പ്രിയാ.. മംഗളാശംസകൾ.


    തുച്ച്ഛമാം ഇടവേള കഴിഞ്ഞൂ നീ

    അവളെയും വേർപിരിഞ്ഞിങ്ങോട്ടു പോന്നനാൾ

    വിരഹ ദുഖത്താലെരിഞ്ഞൂ നീ ഒരു ചെറു

    വെയിലേറ്റു വാടിയ ചെമ്പനീരാകവെ

    മാമക ചില്ലയിൽ കൂടൊരുക്കിയോരോമൽ കിളിയെ

    ഓർത്തു നീകരഞ്ഞീടവെ .

    നിന്നിൽ പ്രണയം മാത്രമാണന്നു ഞാൻ കണ്ടതും

    വായിച്ചെടുത്തതും


     അവളെയും പിരിഞ്ഞീ  മണലിൽ നാലുനാൾ കഴിഞ്ഞപ്പോൾ

    ഉച്ചവെയിൽ തിന്ന് കരിമേഘ മാലകൾ ഉറക്കം പിടിക്കവെ

    തമാശയായ് ആരോ ചൊല്ലി നീ മരിച്ചെന്ന്

    ചിരിച്ചു തള്ളി ഞാനാദ്യമതെങ്കിലും

    സത്യമതായിരുന്നെന്നു വൈകിഞാനറിഞ്ഞു പോയ്


    കരിമുകിൽ പെയ്തിറങ്ങി ഇടിവെട്ടി കൊള്ളിയാൻ മിന്നി

    എന്നിടനെഞ്ചിൽ  സിരാ തന്ത്രികൾ മുറുകി

    പിടഞ്ഞുപോയ്  കരൾ നീറി പുകഞ്ഞു പോയ്

    എന്തിനീ ക്രൂരത ചെയ്തു നീ..


    ഒന്നും പറയാതെ ഒരു വരിപോലു മെഴുതാതെ

    ഒരു കയർ തുമ്പിൽ നീ നിന്റെ സർവ്വം പൊലിച്ചത്

    എന്തിനാണെന്നു ചികഞ്ഞുള്ളം നീറുന്നു

    എല്ലാം പറഞ്ഞിരുന്നില്ലെ നീ എന്നോടു

    മറ്റെല്ലാം പറഞ്ഞിരുന്നില്ലെ

    ഇതു മാത്രമെന്തിന്നൊളിച്ചു നീ അകലുവാൻ‌-

    അത്രയ്ക്കു വേദനയെന്തേ നിനക്കിന്ന്


    ചെറു കയർ തുമ്പിൽ നീ അകന്നതെവിടേക്ക്

    അവിടെ നിനക്കു ഞാനില്ല കൂട്ടിന്ന്

    നിന്റെ പ്രണയപ്പനിനീരില്ല

    നിന്നച്ച്ഛനില്ല അമ്മയില്ല

    നാടില്ല നാട്ടാരില്ല .


    ഉച്ചയ്ക്കു നാം ഒരുമിച്ചു ചോറുണ്ടു പിരിഞ്ഞതല്ലെ

    തെല്ലൊരസ്വസ്ഥമായൊന്നും കണ്ടീല നിൻ മുഖം

    ഏതു കലിനിമിഷത്തിലാണു നിൻ ചിത്തത്തിൽ

    ഈ ദുർവിചാരം പിറവിയെടുത്തതും


    ഒരു നിമിഷമെങ്കിലും നീ ചിന്തിച്ചിരുന്നെങ്കിൽ

    ഒരു ജന്മമേയുള്ളൂ  ഈ മണ്ണിൽ മർത്ത്യന്ന്

     നിന്നെ പ്രണയിച്ച നിന്റെ പാതിയും

    അച്ഛനു മമ്മയും പിന്നെയീ ഞങ്ങളും

    ഒന്നോർത്തിരുന്നെങ്കിൽ വേണ്ടുമോ ഈ ചതി


    പ്രിയ സുഹൃത്തേ  നഷ്ടപ്പെടാൻ നിനക്കൊന്നുമില്ലെന്നാലും

    നഷ്ടമായത്  നിന്നെ

    ഇഷ്ടപ്പെടുന്നവർക്കു മാത്രമല്ലെ.



 എന്റെ മുറിയിൽ ഒരു മുഴം കയറിൽ ജീവിതം വലിച്ചെറിഞ്ഞ എന്റെ പ്രിയ്യപ്പെട്ട സുഹൃത്ത് റൂം പാർട്ട്ണർ പ്രതീഷിന് ഇത് സമർപ്പിക്കുന്നു