Sunday, June 20, 2010

പാഞ്ചാലി നഗ്നതന്നെ

...................................................................................................

വളുറങ്ങാറില്ല രാവിന്റെ ഇരുളിലവർ
വരുമെന്നതോർത്തു കരഞ്ഞുകൊണ്ട് .
അവളുറങ്ങാറില്ല ഇണയൊത്തു ജീവിതം
അവർ തരികയില്ലെന്നതോർത്തു കൊണ്ട്.


പ്രാണൻ പിടയുന്ന ചില്ലുപാത്രങ്ങളിൽ
നോവിന്റെ ശോക നീരൂറ്റിക്കുടിക്കുമ്പോൾ
ആർത്തിയിലഭിരമിച്ചേതോകിരാതന്റെ
കിടക്കയിലമരുന്ന നിലവിളികൾ-
ഭീതിതമായൊരു ഭാവി കാലത്തിന്റെ-
സൂക്ഷ്മമായൊരു ചെറു ധ്വനി മുഴക്കുന്നു .


നഗ്നകിതപ്പുകൾ ഏറുന്നു ചുറ്റിലും
കുറുനരികൾ നിന്നു കിതയ്ക്കുന്നു
കണ്ണുകളിൽ ചോരത്തിളപ്പിന്റെ രൌദ്രരൂപം
ക്കൂടെ കാമകുതിപ്പിന്റെ വശ്യരൂപം


വെറിപൂണ്ട്,വെറിപൂണ്ട് സംഘങ്ങളായ് ചേർന്ന്
സങ്കടം വാരിവിതയ്ക്കുവോരായവർ
കരിരാവിലവളുടെ സ്വപ്നം മറച്ചവർ
വർണ്ണങ്ങളെല്ലാം കെടുത്തിക്കളഞ്ഞവർ


അവളുറങ്ങാറില്ല രാവിന്റെ ഇരുളിലവർ
വരുമെന്നതോർത്തു കരഞ്ഞു കൊണ്ട്
അവളുറങ്ങാറില്ല വഴിയറ്റ ജീവിത-
യാത്രയ്ക്കവസാനമോർത്തുകൊണ്ട്


ഭുമിയോളം താഴ്ന്നിതെങ്കിലും പിന്നെയും
ഭൂമിക്കുതാഴെയും അവരിരിപ്പൂ
വിശ്വം കാക്കുവോരെന്നാണവർക്കുപേർ
പകൽ മാന്യ മാർജ്ജാര സന്തതികൾ


അവളുറങ്ങാറില്ല പകലിന്റെ വേദനയിൽ
ആവളുറങ്ങാറില്ല വിധിതീർത്ത ജയിലറയിൽ
അവളൂറങ്ങാറില്ല ചതി തീർത്ത മണിയറയിൽ
അവളൂറങ്ങാറില്ല വേശ്യക്കിടക്കയിൽ.


മനമുരുകി ആരെ വിളിച്ചുവെന്നാലും
വന്നീലൊരുമാത്ര നോക്കുവാനെങ്കിലും
അവതാര സങ്കൽ‌പ്പമായിരമെങ്കിലും
ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ.
ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ