Sunday, June 20, 2010

പാഞ്ചാലി നഗ്നതന്നെ

...................................................................................................

വളുറങ്ങാറില്ല രാവിന്റെ ഇരുളിലവർ
വരുമെന്നതോർത്തു കരഞ്ഞുകൊണ്ട് .
അവളുറങ്ങാറില്ല ഇണയൊത്തു ജീവിതം
അവർ തരികയില്ലെന്നതോർത്തു കൊണ്ട്.


പ്രാണൻ പിടയുന്ന ചില്ലുപാത്രങ്ങളിൽ
നോവിന്റെ ശോക നീരൂറ്റിക്കുടിക്കുമ്പോൾ
ആർത്തിയിലഭിരമിച്ചേതോകിരാതന്റെ
കിടക്കയിലമരുന്ന നിലവിളികൾ-
ഭീതിതമായൊരു ഭാവി കാലത്തിന്റെ-
സൂക്ഷ്മമായൊരു ചെറു ധ്വനി മുഴക്കുന്നു .


നഗ്നകിതപ്പുകൾ ഏറുന്നു ചുറ്റിലും
കുറുനരികൾ നിന്നു കിതയ്ക്കുന്നു
കണ്ണുകളിൽ ചോരത്തിളപ്പിന്റെ രൌദ്രരൂപം
ക്കൂടെ കാമകുതിപ്പിന്റെ വശ്യരൂപം


വെറിപൂണ്ട്,വെറിപൂണ്ട് സംഘങ്ങളായ് ചേർന്ന്
സങ്കടം വാരിവിതയ്ക്കുവോരായവർ
കരിരാവിലവളുടെ സ്വപ്നം മറച്ചവർ
വർണ്ണങ്ങളെല്ലാം കെടുത്തിക്കളഞ്ഞവർ


അവളുറങ്ങാറില്ല രാവിന്റെ ഇരുളിലവർ
വരുമെന്നതോർത്തു കരഞ്ഞു കൊണ്ട്
അവളുറങ്ങാറില്ല വഴിയറ്റ ജീവിത-
യാത്രയ്ക്കവസാനമോർത്തുകൊണ്ട്


ഭുമിയോളം താഴ്ന്നിതെങ്കിലും പിന്നെയും
ഭൂമിക്കുതാഴെയും അവരിരിപ്പൂ
വിശ്വം കാക്കുവോരെന്നാണവർക്കുപേർ
പകൽ മാന്യ മാർജ്ജാര സന്തതികൾ


അവളുറങ്ങാറില്ല പകലിന്റെ വേദനയിൽ
ആവളുറങ്ങാറില്ല വിധിതീർത്ത ജയിലറയിൽ
അവളൂറങ്ങാറില്ല ചതി തീർത്ത മണിയറയിൽ
അവളൂറങ്ങാറില്ല വേശ്യക്കിടക്കയിൽ.


മനമുരുകി ആരെ വിളിച്ചുവെന്നാലും
വന്നീലൊരുമാത്ര നോക്കുവാനെങ്കിലും
അവതാര സങ്കൽ‌പ്പമായിരമെങ്കിലും
ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ.
ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ

10 comments:

  1. മനമുരുകി ആരെ വിളിച്ചുവെന്നാലും
    വന്നീലൊരുമാത്ര നോക്കുവാനെങ്കിലും
    അവതാര സങ്കൽ‌പ്പമായിരമെങ്കിലും
    ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ..

    മനോഹരം....

    മാനവൻ
    http://manavanboologathil.blogspot.com

    ReplyDelete
  2. ഇല്ല നഗ്നയാമവള്‍ക്ക് ഉറങ്ങുവാന്‍ കഴിയില്ല .

    ReplyDelete
  3. ellavarkkum sneham niranja nanni

    ReplyDelete
  4. “അവതാര സങ്കൽ‌പ്പമായിരമെങ്കിലും
    ഇപ്പൊഴും പാഞ്ചാലി നഗ്നതന്നെ.“ നന്നായിരിക്കുന്നു

    ReplyDelete
  5. ഇരുട്ടിൽ തിരുമുറ്റത്തു
    കൊണ്ടുവയ്ക്കുകയാണു ഞാൻ
    പിഴച്ചുപെറ്റൊരീക്കൊച്ചു
    പൈതലേ,ക്കാത്തുകൊൾക.
    ..............
    നാളെ സൂര്യനുദിക്കുമ്പോ-
    ളിവൾക്കും പകലെത്തുമോ?
    രാവിലേതോ കൂർത്തപൽകൾ-
    ക്കിടയ്ക്കിവളൊടുങ്ങുമോ?
    നാളെയെന്താണ്!ഹാ നാളെ!
    ..............
    ദേവിഭൂമി, നിനക്കെല്ലാ-
    മറിയാം, നിന്റെ ചന്തയിൽ
    പാഴ്വിലയ്ക്കുമെടുക്കാത്തോ-
    ന്നല്ലീ പെണ്ണിന്റെ ജീവിതം?
    (പെൺ‌കുഞ്ഞ് 90കളിൽ- സുഗതകുമാരി)

    നാടകക്കാരാ, കവിതയുടെ പ്രമേയം എല്ലാക്കാലത്തും പ്രസക്തം.
    പക്ഷേ കവിത ആവിഷകരിച്ചത് കുറേ പഴയ കാലത്തെ സ്റ്റൈലിൽ.
    പിന്നെ കവിതയിൽ ഒരു പൊതിഞ്ഞുവയ്പ് ഒക്കെ വേണ്ടേ?

    ReplyDelete