Wednesday, December 30, 2009

പാവകളി

ഫണമുയര്‍ത്തി  നില്‍ക്കുന്ന  യാഥാര്‍ത്ഥ്യങ്ങളേ
നിങ്ങള്‍ എന്നെ കൊത്തരുത്
ചെങ്കുത്തായ ഒരു മലയുടെ താഴ്വാരത്തില്‍
മുകളില്‍ ഒരു ചെറു വേരില്‍ തങ്ങി നിര്‍ത്തിയ
പാറക്കല്ലും നോക്കി ഇരിക്കുന്നവനാണ് ഞാന്‍

വിഷം പുതഞ്ഞ മണല്‍ തരികളിലൂടെ
പാദുകമില്ലാത്തവനായി കുറേ ദൂരം ഇനിയും ഉണ്ട്
സിരകളിലൂറുന്ന വീഞ്ഞ്  വരളാതിരിക്കുന്നിടത്തോളം കാലം
ജീവിതം എന്ന പാവകളി.

Thursday, December 24, 2009

എന്റെ പ്രണയം പോലെ

പറന്നു പോയ രാക്കിളി
നീ കൂടു വെച്ചൊരെന്‍  ഇടനെഞ്ചില്‍
തിളക്കം വറ്റിയ ശോണ  രക്തത്തിന്റെ  
നരച്ച മുഖഭാവം പറഞ്ഞത്
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ..


നീ വരും വഴി കാത്തു നിന്ന
മരങ്ങള്‍ മതിലുകള്‍ മനസ്സ്
ഒക്കെയും പറഞ്ഞിരുന്നത്
എന്റെ ഹൃദയ മിടിപ്പിന്റെ  ശബ്ദങ്ങള്‍ .


പ്രണയം സത്യമാണെന്ന് നീ
തിരിച്ചറിയുക ..
നീ കണ്ടു മോഹിച്ച  സുഖ  മലകള്‍ക്ക്
കയറുമ്പോള്‍ ദീര്‍ഘം കൂടാം .
എന്റെ പ്രണയം പോലെ .

Thursday, December 10, 2009

ഒറ്റ ദിശയില്ലാത്തതാണ് ലോകം

വൃഷ്ണ  ഭാണ്ഡങ്ങളില്‍  നിറയുന്ന ബീജങ്ങള്‍ ഒക്കെയും   
വിഷ്ണു പക്ഷത്തായിരിക്കില്ല സോദരാ.
കൃഷ്ണ പക്ഷത്തില്‍ പിറന്നവനോക്കെയും
കൃഷ്ണനെപ്പോലെ  ആവുകില്ല സഹോദരാ ..

ചിന്തകള്‍ തീകൂട്ടി
പാതിരാ നേരത്ത്
നീ കണ്ട സ്വപ്നങ്ങള്‍ ഒക്കെയും ഈ മണ്ണില്‍ 
സത്യമാവുകയില്ലെന്റെ    മാനവാ

നീ കറക്കുന്ന  പമ്പരം പോലെ
വട്ടം തിരിയുന്ന ഭൂമി പോലെ
ഒരു സമയ ഘടികാരം പോലെ
ഒറ്റ ദിശയില്ലാത്തതാണ്   ലോകം 

Tuesday, December 8, 2009

നിയോഗം

നിറയുന്ന യൌവ്വനം കൈനീട്ടി വാങ്ങി ഞാന്‍
നിറവയറൂണ്ടു നടപ്പൂ
നിലമറന്നെണ്ണയും തേച്ചുകൊണ്ടീ‍വഴി
ഇടവഴികള്‍ തേടി നടന്നു
ഇരുളിനെ കൂട്ടു പിടീച്ച്കൊണ്ടീകാല‌-
മുടയാതെ കരുതി നടപ്പൂ
ശകടമിതു ഇരു ചക്ര-മിരട്ടിചക്രം
നിറവും മോഡലും മാറ്റി മാറ്റി
ബ്ലൂട്ടൂത്തിലൂടെ ജനിച്ചു വീണവനാണ്
ബ്ലൂവാണ് കൂട്ടത്തിലേറെ ഇഷ്ടം
ഒന്നല്ലോരായിരം ക്യാമറകണ്ണുമായ്
ശൃംഗാരിച്ചവനും നടന്നു
ശൃംഗരിച്ചവളോ മൊബൈലുകള്‍ക്കുള്ളില്‍
മൈലുകള്‍ താണ്ടി നടന്നു.
ചങ്ങാട മങ്ങിനെ തുഴഞ്ഞു നീങ്ങീ
ചങ്ങാത്ത മങ്ങിനെ കൂടി വന്നു
ചുണ്ടില്‍ പുകയുന്ന സിഗരറ്റു കൂടാതെ
രണ്ടാമതൊന്നും തിരുകിവച്ചു
ബാറുകള്‍ കേറി നിരങ്ങി നീങ്ങി
ബോറായ വാക്കില്‍ കുളിചിറങ്ങി
ബോറകറ്റീടുവാന്‍ ബാറൂ വിട്ടവനൊരു
ചാറ്റിങ്ങു റൂമില്‍ കിടന്നുറങ്ങി
ഉറക്കത്തിലെങ്കിലും മാറിമാറി
അക്കരെ ഉള്ളവളെയുറക്കാതിരിക്കുവാന്‍
അവനുള്ള വീരത്തം വേറെതന്നെ
അങ്ങ് ശ്രീലങ്കയില്‍ ഗതിയില്ലാതായിരം
ഗതിതേടി എങ്ങോ അലഞ്ഞിരുന്നു
പുകയുന്ന ബോംബിന്നരികിലൂടെ
പാലസ്തീനികള്‍ പാലായാനക്കാര്‍.
അരികിലായ് തെരുവിലൊരു സ്ലംഡോഗ്
മില്ല്യനെര്‍ ഗതിവിട്ട് ഷോകള്‍ കളിച്ചിടുന്നു
ഇരുളിലെ പൊന്തയില്‍ ഒരു പച്ച നോട്ടിന്നു
മാനം വില്‍ക്കുന്നു ആയിരം പേര്‍
ഇവിടെയൊരു പെണ്‍കൊടി കോടതിയില്‍
ബാക്കി മാനം കളയുന്നു
തണ്ടും തടിയും കനിഞ്ഞുനല്‍‍കി പൊന്നു
മക്കളുടെ തല്ല് ഇരന്നുവാങ്ങീ
ചുളിവുകള്‍ റോഡീലിരുത്തിയൊരപ്പനും
അമ്മയും മരണ വിളി കാത്തിരുന്നു
ഇവയൊന്നു മറിയാതെ അപ്പൊഴും അവനാ
ചാറ്റിങ്ങു റൂമില്‍ കിടന്നുറങ്ങി
അരിതീര്‍ന്ന വീട്ടിലെ അരവയര്‍ കൊണ്ടമ്മ
അപ്പൊഴും താരാട്ടു പാടിടൂന്നു.